Tuesday, November 20, 2012

കനകം.... കസ്റ്റംസ്.....കനകമ്മ!!


കാര്യം കമലാസനൻ എന്റെ അനിയനാണേലും അപാര ബുദ്ധിയാ. അതുപോലെ ബുദ്ധി കിട്ടിയ പെണ്ണുമ്പിള്ളയ്ക്കും പൊടിയ്ക്കുണ്ട്. പക്ഷേ പേരുപോലെ തന്നെ കനകമ്മയ്ക്ക് കനകത്തിലാണിത്തിരി നോട്ടക്കൂടുതൽ അതിനെന്റെ കമലാസനൻ പേർഷ്യേക്കിടന്ന് പെടുന്ന പാടൊന്നും ചില്ലറയ്ക്കുമല്ല.

“കുഞ്ഞുകളിയൊന്നുമല്ല രണ്ട് പെണ്മക്കളാ നിങ്ങക്കെന്നാ ബോധമൊന്നുമില്ലേ മനുഷ്യാ” ന്ന് നാഴികയ്ക്ക് നാൽ‌പ്പതുവട്ടം അവളവനെ ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു.

കഴിഞ്ഞമാസം കമലാസനനൊരു പൂതി കനകത്തിനെ ദുബായ് കാണിക്കണമെന്ന്. അങ്ങനെ ഒരു വിസിറ്റ് വിസയൊക്കെ ഒപ്പിച്ച് കമലാസനൻ കമലത്തിനെം പിള്ളാരേം ദുബായ്ക്ക് കൊണ്ട് പോയി. പോകാനൊരുങ്ങും മുന്നേ കമലാസനൻ പറഞ്ഞു  എടീ ഇപ്പോ പണ്ടത്തെപ്പോലെ സ്വർണ്ണമൊന്നും  നാട്ടിലേയ്ക്ക് കൊണ്ടു പോകാൻ കഴിയില്ല അതുകൊണ്ട് നീ അവിടെ നിന്ന് പണ്ടത്തെപ്പോലെ സ്വർണ്ണം വാരിയണിഞ്ഞൊന്നും വരല്ലേ തിരികെപ്പോകുമ്പം കുടൂംങ്ങുമേന്ന്  പക്ഷേ വിമാനത്താവളത്തിൽ വന്നിറങ്ങിയ കനകവിഭൂഷിതയായ കനകത്തെക്കണ്ട് കമലാസനൻ ബോധം കെടുന്ന വക്കോളമെത്തിയെന്ന് പിന്നീടവൻ പറഞ്ഞു.  ശ്ശോ  ഈ പെണ്ണുമ്പിള്ളേടേ സ്വർണ്ണമോഹമെന്നു തീരുമെന്റെ ദൈവമേന്ന് കമലാസനൻ മനസ്സിലോർക്കുകേം  ചെയ്തു.

ഒരുമാസം കമലാസനന്റെ  ക്രഡിറ്റ് കാർഡിന്റെ ബലത്തിൽ കനകം ഷോപ്പിംഗ്  പൊടിപൊടിച്ചു. പിള്ളേർക്കുള്ള ഡ്രസ്സ്, ടോയ്സ്, പെർഫ്യൂംസ് എന്ന് വേണ്ട ഒരു ലുലു മുഴുവൻ കനകം ആ അപ്പാർട്ട്മെന്റിലെത്തിച്ചു. പോരാത്തതിനു സ്വർണ്ണം വേറേം.  കമലാസനൻ പറഞ്ഞു .. ടീ  അങ്ങോട്ട് പോകുമ്പോൾ 10 ഗ്രമിനേതാണ്ട് 3000 രൂപ വച്ച് കസ്റ്റംസിൽ അടയ്ക്കേണ്ടി വരും നീ ഇതെന്തു ഭാവിച്ചാ.. ?

കനകം ഇത്തിരി ആത്മവിശ്വാസത്തിലാ. അതൊക്കെയുണ്ട് മനുഷ്യാ നിങ്ങളൊന്നടങ്ങിയിരുന്നേ.

കനകമ്മ ഇട്ടുകൊണ്ടുവന്നതെല്ലാം ഊരി കമലാസനനെ ഏൽ‌പ്പിച്ചു. “ദേ ഇതൊക്കെ ഇതിയാൻ വരുമ്പൊൾ കൊണ്ടുവന്നാൽ മതി. ഞാൻ പുതുതായി വാങ്ങിയതാ ഇട്ടോണ്ട് പോണേ...“!

അങ്ങനെ കനകമ്മയും മക്കളും വിസ കാലാവധി കഴിഞ്ഞ് നാട്ടിലേയ്ക്ക് മടങ്ങി.  കസ്റ്റംസ് കഴിഞ്ഞ് വീട്ടിലെത്തിയ കനകമ്മ കമലാസനനെ വിളിച്ചു പറഞ്ഞു ഞങ്ങളെത്തീട്ടാ...
“ടീ  സ്വർണ്ണത്തിനെത്ര വാങ്ങി ഡ്യൂട്ടി?“
“ഓ .....ഒന്നുമായില്ലാന്നേ?“
“ഒന്നുമായില്ലേ അതെന്നാ?“
 “ഞാൻ വന്നപ്പോഴിട്ടോണ്ട് വന്ന സ്വർണ്ണം ഡിക്ലയർ ചെയ്തിട്ടല്ലേ വന്നേ അത്രേം എനിക്ക് തിരികെ കൊണ്ടോവാൻ ഒരു മറ്റവന്റേം ഡ്യൂട്ടി വേണ്ടല്ലോ മനുഷ്യാ... നിങ്ങടെ കയ്യിലിരിക്കുന്നതേയ്  ഒരു ഗ്രാം തങ്കത്തിന്റെ സ്വർണ്ണാ...“ എങ്ങനുണ്ട് കനകമ്മേടെ പുത്തീ...!!
(ചിത്രം: ഗൂഗിൾ സേർച്ച്)

6 comments :

 1. കൊള്ളാം അല്ലോ കനകമ്മ !!! കുറച്ചു നേരത്തെ എഴുതാം ആയിരുന്നു ! ഇത് ഇപ്പോള്‍ അടുത്തതവണ വരെ വെയിറ്റ് ചെയ്യേണ്ടേ പ്രയോകികമാക്കാന്‍ !

  ReplyDelete
 2. താങ്ക്സ് ചട്ടമ്പിക്കല്യാണീ....
  സർക്കാർ ഒരുവഴിയിലൂടെ പിടി മുറുക്കുമ്പോൾ കനകമ്മമാർ മറ്റൊരു വഴി കണ്ടെത്തും. ഡിപ്പാർച്ചർ ലോഞ്ചിൽ സ്വർണ്ണം ഉരയ്ക്കുന്ന കുന്ത്രാണ്ടം കൊണ്ട് വയ്ക്കും വരെ നമ്മുടെ കനകമ്മമാർ സേയ്ഫ്!!

  ReplyDelete
 3. It is really a good information especially for Customs Officers.
  കനകമ്മ അത്ര സ്മാര്‍ട്ട്‌ ആകേണ്ട ; ഇതൊകെ അറിയാം പോട്ടെ പാവമല്ലേ നമ്മുടെ കനകമ്മ അല്ലെ എന്ന് കരുതീട്ട കേടോ

  ReplyDelete
 4. തിരുവനന്തപുരത്തെ തട്ടാൻ പണിമുടക്ക്യാപ്പിന്നെന്ത് ചെയ്യും??? :)

  ReplyDelete
 5. കനകമ്മയുടെ ബുദ്ധി അപാരം.. എന്റെ കാര്യം ഇതിനെക്കാള്‍ രസം ആയിരുന്നു.. നാട്ടിലേക്ക് സ്വര്‍ണം കൊണ്ട് വരാന്‍ പരിചയത്തിലുള്ള ഒരു ക്സടംസ് ചേട്ടനെ വിളിച്ചപ്പോ "ധൈര്യമായി കൊണ്ട് വന്നോ, പോക്കറ്റില്‍ ഇട്ടാല്‍ മതി ഇവിടെ നേരാം വണ്ണം അനങ്ങുന്ന ഡിറ്റക്ടര്‍ ഒന്നും ഇല്ല" എന്നാ മറുപടി കിട്ടിയത്..

  ReplyDelete
 6. ഹഹഹ.... ശ്രുതീ അതും സത്യം...

  (ശാലിനി മാഡം കേട്ടല്ലോ? ദയവ് ചെയ്ത് ഇനി പോയി അനങ്ങാണ്ടിരിക്കണ മെഷീനെ ഒന്നും കുത്തിപ്പൊക്കല്ലേ!! അത് അവിടെ അങ്ങിനെ അനങ്ങാണ്ടിരിക്കട്ടേ!! :) ഞങ്ങളെപ്പോലുള്ളവര്‍ ഒരു തരി സ്വര്‍ണ്ണമെങ്കിലും കൊണ്ട് വന്നോട്ടേ. ഉത്തരവിറക്കുന്ന ഏമാന്മാര്‍ക്ക് കോടിക്കണക്കിന് സ്വിസ്സ് ബാങ്കിലിടാം ഞങ്ങള്‍ 1 ഗ്രാം സ്വര്‍ണ്ണം കൊണ്ടുവരുമ്പോള്‍ മാത്രം എന്താ പീഡനം? )

  ReplyDelete