Saturday, April 13, 2013

ഡെസ്ഡമോണ (Desdemona)



ഡെസ്ഡമോണ,   സ്നേഹത്തിന്റെ പര്യായമായി വാനോളം പുകഴ്ത്തപ്പെട്ടവൾ.    
തന്നെക്കാൾ അധികം ഭർത്താവിനെ സ്നേഹിച്ച ,സ്നേഹമയിയായ ഭാര്യയെ  സംശയത്തിന്റെ പേരിൽ,  കഴുത്ത് ഞെരിച്ച് കൊന്നവൻ ഒഥല്ലോ. ഡെസ്ഡമൊണയുടെ സൌന്ദര്യം കണ്ട്  ആ വെനീഷ്യൻ സുന്ദരിയുടെ ഗുണഗണങ്ങൾ വാഴ്ത്തിയത് വായിച്ച് വായിച്ച് ഒരു ഉച്ചനേരം..... ആരോ എന്റെ മടിയിലിരുന്ന പുസ്തകം പതിയെ എടുത്ത് മടക്കി വച്ചു.  

“Cosa ne pensi di mia moglie?”  

കൊളോണിന്റെ ഒരുതരം മത്ത് പിടിപ്പിക്കുന്ന മണത്തോടൊപ്പം മുഴങ്ങിയ ആ ശബ്ദം കേട്ടൊന്ന് 
ഞെട്ടി.  പടച്ചട്ടയണിഞ്ഞ ഒരു ദീർഘകായൻ എന്റെ മുന്നിൽ ആ പുസ്തകവും പിടിച്ച് നിൽക്കുന്നു.

നിങ്ങൾക്കെന്താ വേണ്ടേ? എന്താ നിങ്ങൾ ചോദിച്ചത്?  

ഓഹ്.. പുവർ ഇന്ത്യൻ..  മ്.. എന്റെ ഭാര്യയെക്കുറിച്ച് നീ എന്താണ് കരുതുന്നത് എന്ന്.. 

ഹോ അതാണോ...  അവർ സുന്ദരിയായിരുന്നു. ഭർത്താവിനെ തന്റെ അച്ഛനേക്കാൾ, തന്നേക്കാളൊക്കെ സ്നേഹിച്ചിരുന്നു....സ്നേഹമയിയായ ഭാര്യ .. എന്നിട്ടും ദുഷ്ടനായ താൻ എന്തിനാ പാവം അവരെ ഞെക്കിക്കൊന്നേ ദുഷ്ടാ.. 

Ti sbagli caro!  നിങ്ങൾ തെറ്റിദ്ധരിച്ചിരിക്കുന്നു. സ്നേഹം.. മണ്ണാങ്കട്ട.. നിങ്ങൾക്കെന്നല്ല ഈ ഭൂമുഖത്ത് ഒരാൾക്കും അറിയില്ല ഡെസ്ഡമോണയെ.  നിങ്ങൾ വായിച്ച വരികൾ മാത്രമേ നിങ്ങൾക്കറിയൂ.. പക്ഷേ ഡെസ്ഡമോണ ഇതൊന്നുമായിരുന്നില്ല....!. നിങ്ങളെന്താ കരുതിയത്.  വെറുമൊരു തൂവാല അവിടെ കണ്ടതിനാൽ തെറ്റിദ്ധരിച്ച് ഞാൻ അവളെ ഞെക്കിക്കൊന്നു എന്നോ?  അതാണ് ഞാൻ പറഞ്ഞത് നിങ്ങൾ തെറ്റിദ്ധരിച്ചിരിക്കുന്നു എന്ന്..!  നിങ്ങൾക്കറിയണോ സത്യം?.  ഞാൻ പറയാം....!

ഞാനൊന്ന് നിവർന്നിരുന്നു.  ആജാനുബാഹുവായ അയാൾ പറയുന്നത് കേട്ടിരുന്നില്ലെങ്കിൽ എന്റെ കഥ അയാൾ കഴിക്കും...

ങും പറയൂ.. ഞാൻ കേൾക്കാം !

ഞാൻ ഡെസ്ഡമോണയെ കണ്ടതും ഞങ്ങൾ വിവാഹിതരായതും നിങ്ങൾ വായിച്ചില്ലെ അത് ശരിതന്നെ.  ഞങ്ങൾ പരസ്പരം സ്നേഹിച്ചു ജീവിക്കാനൊരുങ്ങുമ്പോഴാണ് തുർക്കികളുടെ ആക്രമണം നേരിടാൻ എനിക്ക്  പ്രഭുവിന്റെ ആവശ്യപ്രകാരം   സൈപ്രസിലേയ്ക്ക് തിരിക്കേണ്ടി വന്നത്.  അതോടെ എന്റെ കഷ്ടകാലവും തുടങ്ങി.  ഇയാഗോ എന്റെ കീഴ് ജീവനക്കാ‍രനാണ് വിശ്വസ്ഥനും, അയാൾ എന്തിന് എനിക്കെതിരാകണം?  നിങ്ങളെ ആ വരികളിൽ തെറ്റിച്ചു.  ഇയാഗോ ആ തൂവാല കാഷ്യോയുടെ വീടിനുള്ളിൽ ഇട്ടു എന്ന്  കഥാകാരൻ നിങ്ങളെ പഠിപ്പിച്ചു..  പക്ഷേ നടന്നത് അതല്ലായിരുന്നു.  നിങ്ങൾ വിശ്വസിക്കുമോ സുഹൃത്തേ? ...

ഞാനെന്തു പറയാൻ.....  നിങ്ങൾ അനുഭവസ്ഥനല്ലേ പറയൂ.. ഞാൻ നിങ്ങളെ വിശ്വസിക്കാം..!!
ഒഥല്ലോ പറയാൻ തുടങ്ങി,  ആ നീലക്കണ്ണുകളിൽ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തിളക്കം.


യുദ്ധത്തിന്റെ ഇടവേളയിലൊരുനാൾ ഞാൻ പെട്ടെന്ന് വീട്ടിലേയ്ക്ക് മടങ്ങി. ഡെസ്ഡമോണയുടെ സൌന്ദര്യത്തിൽ മത്ത് പിടിച്ചിരുന്ന എന്റെ മനസ്സ് അവിടേയ്ക്ക് പായുകയായിരുന്നു. അല്ലെങ്കിൽ എന്തോ ഒരു ശക്തി ഒരു പക്ഷേ എന്നെ അവിടേയ്ക്കെടുത്തെറിഞ്ഞതായിരിക്കുമോ? നിലാവിനും നിഴലിനുമിടയിലൂടെ ഞാൻ അവിടെയെത്തി. കതകിൽ മുട്ടി വിളിച്ചു. 

ഡെസ്ഡമൺ.... ഡെസ്ഡമൺ... കുറേ നേരം അനക്കമില്ലായിരുന്നു. 

വാതിലിനു മുന്നിൽ.  വീണ്ടും ഞാനാ കതകിലേയ്ക്ക് മുട്ടാനാഞ്ഞതും അത് മെല്ലെ തുറന്നു. അഴിഞ്ഞുലഞ്ഞ മുടിയുമായി ഡെസ്ഡമോണ വാതിൽ തുറന്നു.  എന്റെ ഡെസ്ഡമോണയെ വാരിപ്പുണരാൻ  ഞാൻ മുന്നോട്ടായവേ ഒരു നിഴലാട്ടം ഉള്ളിൽ കണ്ടു.. ഞാൻ അകത്തേയ്ക്ക് പാളിനോക്കി. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. കണ്ണു തിരുമി ഞാൻ വീണ്ടും നോക്കി.........ഉള്ളിൽ ഞാൻ കണ്ടത് കാഷ്യോയെ ആയിരുന്നു. കൈകളിൽ ആ തൂവാല..... ഞാൻ എന്റെ പ്രിയതമയ്ക്ക് എന്റെ ഹൃദയത്തിനു പകരം സൂക്ഷിക്കാനേൽ‌പ്പിച്ച അതേ തൂവാല....... !!  ഡെസ്ഡമൺ നിർവ്വികാരയായി നിന്നു.  കാഷ്യോയും..ഒടുവിൽ തല താഴ്ത്തി അവൻ മുറിവിട്ടിറങ്ങി. ഒറ്റ വെട്ടിനവന്റെ തലയറുക്കാൻ ഞാൻ വാൾപ്പിടിയിൽ കൈവച്ചു. പക്ഷേ ഡെസ്ഡമോണ എന്റെ കൈകളിൽ ശക്തമായി പിടിച്ചു.. വേണ്ട എന്ന് തലയാട്ടി... കാഷ്യോ മുറിവിട്ട് പോയിരുന്നു... 

തകർന്നത് എന്റെ ഹൃദയം മാത്രമായിരുന്നില്ല സുഹൃത്തേ, നിങ്ങൾ വനോളം ഉയർത്തിയ ഡെസ്ഡമോണയുടെ ഭർത്തൃസ്നേഹത്തിന്റെ കൊടുമുടിയായിരുന്നു.  ഒരു നിമിഷം ഞാൻ എന്ത് ചെയ്യണമെന്നറിയാതെ വലഞ്ഞു.....!  അഴിഞ്ഞുലഞ്ഞ മുടിയും ആലസ്യം നിറഞ്ഞ കണ്ണുകളുമായി  അതേ നിർവികാരതയോടെ ഡെസ്ഡമോണ എന്നെ നോക്കി.  ഞാൻ ഉള്ളിലേയ്ക്ക് കയറി കതകടച്ചു.  ഡെസ്ഡമോണ കട്ടിലിൽ ഇരുന്നു...  ആ സൌന്ദര്യം എന്നെ വീണ്ടും മത്ത് പിടിപ്പിച്ചിരുന്നു. പക്ഷേ അടുത്ത നിമിഷം അൽ‌പ്പം മുൻപ് ഞാൻ കണ്ട രംഗം എന്റെ സിരകളെ വലിഞ്ഞ് മുറുക്കി..  ഞാൻ അവളുടെ കഴുത്തിൽ മുറുകെ പിടിച്ചു. എന്നിട്ടലറി, 

എന്തിനായിരുന്നു ഡെസ്ഡമൺ... നീയിതെന്നോടെന്തിനു ചെയ്തു!?.  

അവൾ ശബ്ദം പുറത്തേയ്ക്കെടുക്കാൻ പരിശ്രമിച്ചു...  ഒന്നും കേൾക്കാൻ, ന്യായീകരണങ്ങൾക്കായി കാതോർക്കാൻ എനിക്ക് മനസ്സിലായിരുന്നു. ഇനി ഒരു നൂറു കള്ളങ്ങൾ കൊണ്ട് ആ സത്യത്തെ മറയ്ക്കുന്നത് കേൾക്കാൻ എനിക്ക് മനസ്സില്ലായിരുന്നു.  ഒടുവിൽ കൈ ഒന്നയഞ്ഞപ്പോൾ അവൾ പറയുന്നുണ്ടായിരുന്നു.  

കാഷ്യോയെ ഞാൻ സ്നേഹിച്ചിരുന്നു... നിങ്ങളെക്കാൾ മുൻപ്.. എനിക്ക് കാഷ്യോ എല്ലാമായിരുന്നു............... 

എന്റെ കൈകൾ ശക്തമായി ആ കഴുത്തിൽ മുറുകി......


ഇനി പറയൂ,  ഒഥല്ലോ കൊലയാളിയായത് മണ്ടത്തരമായിരുന്നോ? ഇയാഗോയുടെ കള്ളക്കഥയിൽ വീഴുകയായിരുന്നോ ഈ ഒഥല്ലോ?  പറയൂ സുഹൃത്തേ പറയൂ.. ജീവനേക്കാൾ ഞാൻ സ്നേഹിച്ച എന്റെ ഡെസ്ഡമൺ  എന്നെ വഞ്ചിക്കുകയായിരുന്നില്ലേ?.....

ഒഥല്ല്ലോ ദീർഘമായി നിശ്വസിച്ചു.... നിങ്ങളെന്നല്ല ലോകം മുഴുവനും ഞാനിത് പറഞ്ഞാൽ വിശ്വസിക്കില്ല. പക്ഷേ  ഇതായിരുന്നു സത്യം...

Otello non è un vigliacco e Otello è un gran destro ... un gran destro ....!  ഒഥല്ലോ ഭീരുവല്ല കൂട്ടുകാരാ ഒഥല്ല്ലോ ഒരു വലിയ ശരിയായിരുന്നു ഒരു വലിയ ശരി!!! 

കൊളോണിന്റെ മണം ആ മുറി വിട്ടു പോയി.. അപ്പോഴും ആ ശബ്ദം എന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടേയിരുന്നു.. ഒഥല്ലോ ഒരു വലിയ  ശരിയായിരുന്നു... ഒരു വലിയ ശരി....

----------------------
Pict. from Wikipedia