Tuesday, October 30, 2012

ടെക്സ - വെള്ളിനിലാവ്


എക്സിറ്റ് 32 എന്ന് കേട്ടപ്പോൾ ഞെട്ടിപ്പോയി.. റിയാദിൽ അത്രേം എക്സിറ്റുണ്ടെന്നറിയുന്നതു തന്നെ അപ്പോഴാണ്!!. ടെക്സയുടെ വെള്ളിനിലാവുദിക്കുന്നത് എക്സിറ്റ് 32 ലാണെന്ന് എഫ് ബിയിൽ നോട്ടീസ് കണ്ടിട്ടാണ് ഞെട്ടിയത്.  കബീർ കണിയാപുരം അവിടെത്തിച്ചേരാനുള്ള മാപ്പും നൌഷാദ് അവിടെത്താനുള്ള ജാമ്യവും അയച്ചുതന്നു.  7 മണിയ്ക്ക് പ്രോഗ്രാം തുടങ്ങുമെന്ന് നോട്ടീസിൽ. രാത്രി ഭക്ഷണം പോലും കഴിക്കാൻ നിൽക്കാതെ വച്ചു പിടിച്ചു 32 ലെയ്ക്ക്. അവിടെ എത്തിയപ്പോഴാട്ടെ  അവിടെ മുഴുവനും ഇത്തരം ഓഡിറ്റോറിയം മാത്രം അതും അറബിയിലെഴുതിയ ബോർഡുകളും.  ഒരു സ്വദേശിയോട് തിരക്കി അതിൽ നിന്ന് അൽ മുസ്തഷർ ആഡിറ്റോറിയം  കണ്ടുപിടിച്ചുള്ളിൽ കയറി. ചെന്നപാടെ അവിടെ കൌണ്ടറിൽ ചായ കൊടുക്കുന്നു. നന്നായി .. ഒരു കപ്പ് ചായ വാങ്ങി. താങ്ക്യു  പറഞ്ഞ് തിരിഞ്ഞപ്പോൾ പുള്ളി പറഞ്ഞു  “ഒരു റിയാല്....” . (ആദ്യായിട്ടാ ഇത്തരം സംഘടനാ പരിപാടികൾക്ക് പോകുന്നത്, ഞാൻ കരുതി ഇത് വെൽക്കം ഡ്രിങ്കാവുംന്നാ...!!)  ഒരു റിയാൽ കൊടുത്ത് ചായേം മോന്തി  നൌഷാദിനെ തിരഞ്ഞപ്പോൾ  സ്ത്രീകൾക്കായി പ്രത്യേകം തിരിച്ച ഭാഗത്ത് കിടന്ന് ഉഴിയുന്നു കോഡിനേറ്റർ. കയ്യിലൊരു 110 കെ.വി. ലൈനും ഉണ്ട്.. (ഇതിനാ “ലൈനടി ലൈനടീ“ ന്ന് പറയണേന്ന് പിന്നെയാ അറിഞ്ഞത്!!). അവിടെത്തിച്ചേർന്നതിലുള്ള സന്തോഷം പങ്ക് വച്ചപാടെ നൌഷാദ് പറഞ്ഞു പലരും തിരക്കുന്നുണ്ട്. അപ്പൂസിനെന്ന്. ഈശ്വരാ  എഫ് ബിയിലെ കമന്റുകൾക്കു മറുപടിയുമായി ആൾക്കാരിരിപ്പുണ്ടെന്നറിഞ്ഞ് മുങ്ങാൻ തുടങ്ങിയപ്പോഴുണ്ട് പകുതി ഷർട്ടിട്ട് ബാക്കി പകുതി പിന്നെയാട്ടെന്നും പറഞ്ഞൊരാൾ നൌഷാദിനടുത്തേയ്ക്ക് ഓടിച്ചാടി വന്നു. വന്ന പാടെ നൌഷാദ്  പറഞ്ഞു.. “ഇതാണ് കബീർ കണിയാപുരം” , സ്വന്തം പേരു പറഞ്ഞ് പരിചയപ്പെടുത്തി ഞാൻ പറഞ്ഞു  “മാ‍പ്പ്...“  കബീർ. അതൊന്നും സാരമില്ല. വൈകീട്ടില്ലാ‍ന്നെ..ഞങ്ങളാ താമസിച്ചതിനു മാപ്പുപറയേണ്ടേന്ന്..  അതല്ല ഗഡീ  അയച്ചു തന്ന റൂട്ട് മാപ്പ്...  പുള്ളി രണ്ട് നാലടി നടന്നിട്ട് തിരികെ വന്നു.. എന്താ പേരു പറഞ്ഞേ?  .. ഇനി അവിടെം ഫേക്കായാൽ ഇരുത്തിയില്ലെങ്കിലോന്നോർത്ത് എന്റെ യഥാർത്ഥപേരു പറഞ്ഞു.. പുള്ളി വീണ്ടും രണ്ട് ചാൽ നടന്നിട്ട് തിരികെ വന്ന് “അങ്ങിനൊരാൾക്ക് ഞാൻ റൂട്ട് മാപ്പ് അയച്ചില്ലല്ലോ? ആകെ അയച്ച്ത് ................. എന്താ എഫ് ബി ഐഡി... ഹഹഹഹ  ഇപ്പ പിടികിട്ടി. ഞാനൊരാൾക്കെ വ്യക്തിപരമായി അയച്ചുള്ളു. അതാ പേരു പറഞ്ഞപ്പോൾ സംശയം ആയത്!!.  “ദേ കാര്യമൊക്കെ കൊള്ളാം ഇവിടെ അലുമ്പുണ്ടാക്ക്യാ പാഷാണം വാങ്ങി വച്ചിട്ടുണ്ട് ഞാൻ“ ... എന്നിട്ട് രൂക്ഷമായൊരു നോട്ടവും!!  എന്നിട്ട് ഓടിപ്പോയി മൈക്കെട്ത്ത് ഒരു പ്രഖ്യാപനം.. വിശിഷ്ടാതിഥികൾ എത്തിയിട്ടുണ്ട്. ഉടൻ തന്നെ സമ്മേളനം ആരംഭിക്കും. (ആരംഭിക്കുന്നതിനിടെ ഒരു അഞ്ചു പ്രാവശ്യമെങ്കിലും ഈ അനൌൺസ്മെന്റ് കേട്ടു ഞാൻ!) . തിരികെ വന്ന് നൌഷാദിനോട് പറഞ്ഞു  മാഷേ എന്തു വന്നാലും നമ്മൾ 8 നു ആരംഭിക്കും ആരു വന്നാലും വന്നില്ലെങ്കിലും..!!

പാഷാണപ്രയോഗമോർത്ത് ഞാൻ ഒരു മൂലയ്ക്ക് ജയ് ഹിന്ദ് ടി വീ ടെ ക്യാമറയ്ക്ക് ചോട്ടിലായി ഒരു കസേരയൊക്കെ വലിച്ചിട്ട് മര്യാദക്കാരനായി ഇരുന്നു. വയ്ക്കോൽ തുറുവിനു മുകളിൽ വലിഞ്ഞു കയറുമ്പോലെ ആ ക്യാമറച്ചേട്ടൻ  മേശമേൽ അള്ളിക്കയറി ക്യാമറയൊക്കെ സെറ്റപ്പാക്കുന്നുണ്ട് ഇടയ്ക്കിടെ, ചുവട്ടിൽ ആശങ്കയോടെ ഞാനും.  മുമ്പ് ടെക്സ നടത്തിയ ഖമറൊളിയുടെ ക്ലിപ്പ്സ്  പ്രൊജക്ടറിലൂടെ അവിടെ പതിയുന്നത് കണ്ട്  കൊതിയോടെ ഇരുന്നു.  (എന്നാലും എന്റെ കോർഡിനേറ്ററേ ഈ ശീലേം പ്രൊജക്ടറും 16 ആം നൂറ്റാണ്ടിലേതല്ലേ.. ഇപ്പോ നാട്ടിൽ കോരന്റെ കല്യാണത്തിനു പോലും നല്ല യമണ്ടൻ എൽ. ഇ. ഡി ടിവിയൊക്കെ വെയ്ക്കുമ്പൊൾ  ഈ നരച്ച തുണി പരിപാടി ഗൾഫിൽ വേണായിരുന്നോ?ന്ന് ചോദിക്കണം ന്നുണ്ടായിരുന്നു. പക്ഷേ നീ തന്നോ കാശെന്നു ചോദിച്ചാൽ മെമ്പർ പോലുമല്ലാത്ത എനിക്കെന്തു കാര്യം! ഹും..)

ഒടുവിൽ  കാത്ത് കാത്തിരുന്ന സംഗതിയെത്തി.. സാംസ്കാരിക സമ്മേളനം... സ്വാഗതം, ആശംസാപ്രസംഗങ്ങൾ കൃതജ്ഞത.  എന്റെ സുഹൃത്തായ ഇഖ്ബാൽ സർ (മമ്മൂട്ടിയും എന്റെ സുഹൃത്താ പുള്ളീടെ എത്രയെത്ര സിനിമ ഞാൻ കണ്ടിരിക്കുന്നു.  അതു പോലെ ഇഖ്ബാൽ സാറും ന്റെ സുഹൃത്താ  മലയാളം ന്യൂസിൽ എന്തോരം ഞാൻ വായിച്ചിരിക്കുന്നു..!!)  ചോദിക്കുന്നത് കേട്ടു  കുടുംബങ്ങൾ കുറവാണല്ലോന്ന്... മുത്താവ പ്രശ്നം കാരണം ആണോ അതോ ഷിഫയിൽ സന്നിധാനത്തിന്റെ പ്രോഗ്രാം ഉള്ളതിനാലാണോന്നറിയില്ല സ്ത്രീ ജനം കുറവായിരുന്നു.  ഇതിനിടെ എന്റെ പുറകിലിരുന്ന് രണ്ട് വിദ്വാന്മാരുടെ സംസാരം  ഇഖ്ബാൽ സാറിന്റെ പ്രസംഗത്തേക്കാളും മുന്നെ എന്റെ കാതിൽ വീണൂ..  “ഡേയ്.. കയറിവന്നപ്പോൾ നമ്മൾ കണ്ടില്ലേ  അവളുമാര് എന്തൊരെറിയാടേ... ദാ നോക്ക് രണ്ടും നിർത്തുന്ന മട്ടില്ലാ കേട്ടാഡേയ്..” 

ഈശ്വരാ ഇവന്മാരെനിക്കും കൂടെ പണി വാങ്ങിത്തരുമെന്നു കരുതി  കസേര കുറെക്കൂടെ മുന്നിലേയ്ക്കിട്ട് ഞാനിരുന്നു. (എന്റെ വലതു വശത്തായിട്ടാണ് സ്ത്രീകൾക്കിരിക്കാനുള്ള സ്ഥലം തുണിമതിൽ കെട്ടി തിരിച്ചിരിക്കുന്നത്. അങ്ങോട്ട് നോക്കീട്ടാ  ആ “തിരോന്തരം ചേട്ടന്മാരുടെ“  “ഏറ്.“ !)

ഇഖ്ബാൽ സാർ പറഞ്ഞ റിയാലിറ്റിയില്ലാത്ത റിയാലിറ്റി ഷോകളുടെ ഉള്ളുകളികൾ ഇഷ്ടായി.  നമ്മുടെ സഹോദരിമാർ അറിയേണ്ട വിഷയം ആയിരുന്നു. വരവറിയാതെ ചെലവാക്കി കടത്തിലേറുന്ന മലയാളിയെയും വരച്ചു കാട്ടി. ഒരേപോയിന്റിൽ തന്നെ അഡ്വ. അജിത്തും,  ഷിഹാബ് കൊട്ട്കാടും മറ്റെല്ലാരും കുരുങ്ങി വീണു.  പ്രസംഗിച്ചാൽ ഞാൻ കൂവുമെന്ന് പറഞ്ഞത് കേട്ട് പേടിച്ച്   പനിയും ചുമയും പിടിപെട്ട ഷീബ ടീച്ചറിനു പകരം (?)  വന്ന ടെക്സ വനിതാ മേധാവി  റൂബി മാഡത്തിന്റെ പേര് നേരത്തെ ഷിഹാബ് കൊട്ടൂകാടിനോട് പറയാതിരുന്നത് കോർഡിനേറ്ററുടെ പിഴവായിരുന്നോ?. വിശിഷ്ടാതിഥിയായ നോർക്ക കൺസൾട്ടന്റ്  ഷിഹാബിനുള്ള കൃതഞ്ജത പറയാൻ അതിനു ചുമതലപ്പെടുത്തിയ ആൾ വിട്ടു പോയത് ശരിയായില്ല എന്തായാലും  ടെക്സ പ്രസിഡന്റ് അത് മേക്കപ്പ് ചെയ്തു!!.  എന്തായാലും  പൊതുസമ്മേളനം ഗംഭീരമായി കഴിഞ്ഞു.   

കലാ പരിപാടികൾ ആരംഭിച്ചു. ടെക്സായുടെ  സ്വാഗത ഗാനം  കരാക്കോ ബി.ജി. എം ഇൽ പ്പെട്ട് ഒന്നും കേൾക്കാനാകാത്ത അവസ്ഥയിലായിരുന്നു. (നൌഷാദിന്റെ നല്ല വരികൾ, നല്ല ഈണം., കലാകാരന്മാർ നല്ല രീതിയിൽ പാടുകയും ചെയ്തു!!).  പൊതുവേ എല്ലാ  പാട്ടുകളുടേം ട്രാക്കിന്റെ ശബ്ദ ക്രമീകരണം കാരണം ശരിക്ക് കേൾക്കാനായില്ല.. മാത്രവുമല്ല, ആവേശം മൂത്ത കിടാങ്ങൾ പുറകിൽ നല്ലപോലെ ഒച്ചയിടുകയും ചെയ്തു.  സിനിമാതാരങ്ങളുടെ ഫാൻസുകാർ തിയേറ്ററിൽ അലമ്പുണ്ടാക്കുന്നതാണ് ഓർമ്മയിലെത്തിയത്.  അതിനേക്കാൾ മോശമായിരുന്നു പ്രകടനം, ടി.വി.ക്കാർ ഇടയ്ക്കിടെ ക്യാമറ അങ്ങോട്ട് തിരിച്ച് കവർ ചെയ്തതും ആവേശത്തീയിൽ എണ്ണയൊഴിച്ചു.   ആവേശം നല്ലതു തന്നെ പക്ഷേ പൊതു പരിപാടികൾക്ക് നിയന്ത്രണങ്ങളുള്ള സൌദി പോലൊരു രാജ്യത്ത് നമ്മൾ സ്വയം പാലിക്കേണ്ട ചില ചിട്ടകൾ ഉണ്ട്. ഇത്തരം പ്രവർത്തികൾ ആണ്  പലേടത്തും മുത്തവയും പൊലീസും ഒക്കെ വരാൻ കാരണമാക്കുന്നത്.  ഈ ആഡിറ്റോറിയത്തിനു പുറത്തും പോലീസും മുത്തവയും വന്നു എന്നാ‍രോ പറഞ്ഞതും പരിപാടി അൽ‌പ്പ നിമിഷം നിർത്തേണ്ടി വന്നതും പരിഭ്രാന്തിയുണ്ടാക്കി.  

ഏറ്റവും നയനമനോഹരമായത് കുഞ്ഞുങ്ങളുടെ  സംഘ നൃത്തമായിരുന്നു. അവർ അഭിനന്ദനം അർഹിക്കുന്നു.  പരിപാടി കോമ്പിയർ ചെയ്യാൻ വന്ന കുട്ടി തുടക്കത്തിൽ തന്നെ വാക്കുകൾ വിഴുങ്ങിയതും അതേ കുട്ടി തന്നെ  നൃത്തത്തിനു വന്നിട്ട് പാതി വഴിയിൽ ഇറങ്ങിപ്പോയതും കല്ലുകടിയായി. സ്റ്റേജിൽ ഇളകിയാടിയ ഒരു  നർത്തകിയുടെ പ്രകടനം പുറകിൽ ബഹളമുണ്ടാക്കിയവരുടെ ആവേശത്തിനു കൂടുതൽ ഹരം പകരുന്നതായി പലപ്പോഴും തോന്നി. ഗാനങ്ങൾ, സ്ക്റ്റിറ്റ്സ്, എല്ലാം നന്നായിട്ടവതരിപ്പിച്ചു.  ഈ പരിപാടിയിൽ പങ്കെടുത്ത് കലാപരിപാടികൾ അവതരിപ്പിച്ച എല്ലാ കലാ‍കാരന്മാരും കലാകാരികളും  അവരവരുടെ ഭാഗം നന്നാക്കിയിരുന്നു. അഭിനന്ദനങ്ങൾ. 

പ്രോഗ്രാമിനിടെ  അപ്പോഴപ്പോഴായി കബീർ അനൌൺസ് ചെയ്യുന്നുണ്ടായിരുന്നു. ഇന്ന് ഇവിടെ ഗംഭീരമായ നറുക്കെടുപ്പുണ്ട്  ജീവകാരുണ്യ പ്രവർത്തന ഫണ്ടിലേയ്ക്കായി മുതൽക്കൂട്ടുന്നതിന് കൂപ്പൺ എടുത്ത് സഹായിക്കണമെന്നൊക്കെ.  ഓരോ പരിപാടിയ്ക്ക് ശേഷവും  ടി.വി യിലെപ്പോലെ  “ഈ പരിപാടി നിങ്ങൾക്കായി സ്പോൺസർ ചെയ്തത് കാട്ടുമുക്കിൽ ജൂവലേഴ്സ് “ എന്ന കബീറിന്റെ  അനൌൺസ്മെന്റ്  അവരുടെ കാശ് വാങ്ങിയതിന്റെ നന്ദിയായി കരുതി ക്ഷമിച്ചു!!!.  കുറേക്കഴിഞ്ഞപ്പോൾ തിയേറ്ററിലെ കപ്പലണ്ടി വിൽ‌പ്പനക്കാരനെപ്പോലെ കൂപ്പണുമായി ഒരാളെത്തി. ഇതിനെക്കാൾ ഭേദം പ്രവേശനം പാസ്സ്മൂലം എന്ന് പറഞ്ഞാൽ പോരായിരുന്നോ നൌഷാദേന്ന് മനസ്സിൽ കരുതി കൂപ്പൺ എടുത്തു. പിന്നെ ജീവകാരുണ്യമല്ലേന്നോർത്താ പോട്ടേന്ന് വച്ചത്.  എന്തായാലും നറുക്കിട്ട് സമ്മാനങ്ങൾ വിതരണം ചെയ്തു.. ആശ്വാസമായി എന്റെ കൂപ്പൺ ഒരക്കത്തിന്റെ വ്യത്യാസത്തിൽ 10 നമ്പരിനു പിന്നിലായിപ്പോയി!!! 

കബീറിന്റെ  പാഷാണപ്രയോഗം പേടിച്ച് ഒരു മൂലയ്ക്ക് കുത്തിയിരുന്നതിനാൽ ഭക്ഷണം കിട്ടിയില്ല.  രാത്രി വളരെ വൈകി പുറത്തിറങ്ങിയപ്പോൾ  കണ്ടത് വിളപ്പിൽശാലയെയും തോൽ‌പ്പിക്കുന്ന മട്ടിൽ ആഹാരം കഴിച്ചവരുടെ മാലിന്യക്കൂമ്പാരം വരാന്ത മുഴുവൻ!!!  (അന്നേരം ആണറിഞ്ഞത് അവിടെ കാശുകൊടുത്താൽ ഭക്ഷണവും കിട്ടുമായിരുന്നൂന്ന്!!)  സമയം അതിക്രമിച്ചതിനാലും  ഉറക്കവും വിശപ്പും എന്നെ ഞെക്കിപ്പിഴിഞ്ഞതിനാലും കബീറിനോട് ടാറ്റാ പറഞ്ഞ് ഞാനിറങ്ങി.. പിന്നെ അവിടെ എന്ത് നടന്നു എന്നറിയില്ല.

ഇങ്ങനെ ഒരു വിരുന്നൊരുക്കിയ ടെക്സ ഭാരവാഹികളോടും അംഗങ്ങളോടും എന്നെ ക്ഷണിച്ച നൌഷാദിനോടും കബീറിനോടും എന്റെ നന്ദി അറിയിക്കുന്നു.  കൂടാതെ,  പൊതുപരിപാടികൾക്ക് വിലക്കുള്ള സൌദിയിൽ ഈദിനോടനുബന്ധിച്ച് ഇങ്ങനെയുള്ള കലാ പരിപാടികൾ ആഡിറ്റോറിയങ്ങൾക്കകത്താണെങ്കിൽ പോലും അനുവദിക്കുന്നതിൽ അവരോട് കൃതജ്ഞതയുള്ളവരായിരിക്കണം നമ്മൾ പ്രവാസികൾ.  ഇനിയെങ്കിലും അതിരുകടന്ന ആവേശം കാണിക്കാതെ പക്വതയോടെ പ്രോഗ്രാമുകൾ കണ്ട് വിജയിപ്പിക്കാൻ കാണികളും തയ്യാറാകണം എന്ന ഒരു അഭ്യർത്ഥന കൂടെയുണ്ട്.
(ചിത്രത്തിനു കടപ്പാട് : പ്രശാന്ത് വാമനപുരം, - കബീറിന്റെ ഭീഷണി നിലനിന്നിരുന്നതിനാൽ ഫോട്ടോയ്ക്കായി മൊബൈൽ പോലും പുറത്തെടുത്തില്ല.  )
(കബീർ ഇതിന്റെ പേരിൽ പാഷാണം കലക്കി തരല്ലേ പ്ലീസ്... !! )
  

6 comments :

 1. അങ്ങിനെ കുഞ്ഞനും പുറത്തിറങ്ങി. ഒരു കുഞ്ഞന്‍ ഫാന്‍സ്‌ അസോസിയെഷന് സാധ്യതയുണ്ട്

  ReplyDelete
  Replies
  1. Ha.hahahaha.. veruthe malathilirunna enne chaadichathaa Najim Ji :)

   Delete
 2. Ningal 3 pere njaan avide pratheekshichu 3 perum mungi.. Enthu pateee??

  ReplyDelete
 3. ...കുഞ്ഞന്‍ ഷിഫയില്‍ പോകാതിരുന്നത് ഷിഫക്കാരുടെ ഭാഗ്യം!

  ReplyDelete
  Replies
  1. Unknown ബ്ലോഗ്ഗറിനെ നെ പിടികിട്ടി... ഹഹഹ.. ആ ഷിഫ എന്നെ സഹായിച്ചു!!! :)

   Delete