Monday, September 24, 2012

ശ്..ശ്ശ്...ശ്ശ്..പുലികൾ തിരക്കിലാണ്.....!!!


നഗരത്തിലെ ഒരു റെസ്റ്റോറന്റിന്റെ മൂലയ്ക്കിരുന്ന് പുലികൾ ആലോചന തുടങ്ങി...  “അളിയാ ഇന്നെന്താ സ്കൂപ്പ്?.”.. “തങ്കപ്പൻ ഒന്ന് വന്നോട്ടെ അളിയാ.... അവൻ ആ മലയാളി ഗല്ലിയിൽ കറങ്ങി നടപ്പുണ്ട്.. ചൂടുള്ള വല്ല ലുങ്കി ന്യൂസും കൊണ്ടു വരുമോന്ന് നോക്കട്ടെ..!“.   "പ്രവസി ലേഖകരുടെ" തിരക്കിട്ട ചർച്ചയാണവിടെ. പഴയകാലത്ത് സൌദി പ്രസ് ഏജൻസി നൽകുന്ന സ്റ്റോറിയിൽ നിന്ന് ഒരു വാക്ക് എഡിറ്റ് ചെയ്യാൻ സ്വാതന്ത്ര്യമുണ്ടായിരുന്നില്ലത്രെ. അവിടെ നിന്നും ഇപ്പോൾ ഈ പറഞ്ഞ സകല “ലുങ്കി ന്യൂസ്”കളും കൊടുക്കാമെന്ന സ്വാതന്ത്ര്യത്തോളം എത്തി നിൽക്കുന്നു സൌദി പത്രമേഖല. മലയാളികളുടെ സ്നേഹാദരങ്ങൾ നേടി ഈ മേഖലയിൽ കന്നിക്കാരനായെത്തിയ “മലയാളം ന്യൂസ്” അഭിനന്ദനമർഹിക്കുന്നു.  മലായാളിയ്ക്ക് അവന്റെ ഉൾത്തുടിപ്പുകൾ കുറിച്ചിടാൻ ഒരിടം ആദ്യമായി നൽകിയത് മലയാളം ന്യൂസ് ആണ്. പിന്നാലെ ഗൾഫ് മാദ്ധ്യമം (അവർ മാധ്യമം എന്നേ എഴുതൂ എന്ന വാശിയിലാണ്!!). എത്തിയതോടെ എഴുത്തുകാരുടെ എണ്ണവും വർദ്ധിച്ചു!!.  ഇന്ത്യൻ ന്യൂസ് ഫോറവും(?) റിയാദ് മീഡിയ ഫോറവും(?) ഒക്കെ നിലവിൽ വന്നു. ലേഖകരും പല ഗ്രൂപ്പുകളായി എന്നും അപ്പൂസ് മനസ്സിലാക്കുന്നു.  കേരളത്തിൽ ചാനലുകളുടെ എണ്ണം പെരുകിയതോടെ സൌദിയിലും ചാനൽ ലേഖകരുടെ എണ്ണത്തിലും തള്ളിക്കയറ്റമുണ്ടായി.  തലയിലും തോളത്തും കമ്പിയും സിമന്റും ചുമന്നു നടന്നവരും അതൊക്കെ മാറ്റി കാം തോളത്ത് വച്ച് നടന്ന് റിപ്പോർട്ടിം നടത്തുന്നതും അപ്പൂസ് കണ്ടു.!.. എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഒരിക്കൽ പറഞ്ഞു “അക്കാദമിക് ക്വാളിഫിക്കേഷനല്ല എഴുത്തിനാധാരം” എല്ലാവർക്കും ജേണലിസം ഡിഗ്രിയും ഡിപ്ലോമയും ഒന്നും ഉണ്ടായെന്നു വരില്ല പക്ഷേ എഴുതാനുള്ള കഴിവുണ്ട് എന്ന് പറഞ്ഞതിൽ കഴമ്പുണ്ട്. മലയാളത്തിലെ പഴയ തലമുറയിൽ‌പ്പെട്ട പത്രലേഖകരൊന്നും “ഡിഗ്രി /പി.ജി. ഇൻ ജേണലിസം”  കഴിഞ്ഞവരൊന്നുമല്ലായിരുന്നു എങ്കിലും ശക്തമായ എഴുത്തിലൂടെ മന്ത്രിസഭ വരെ തള്ളിയിട്ട “പുലികൾ” തന്നെയായിരുന്നു അവർ എന്നും സമ്മതിക്കുന്നു.

ഞാൻ “ലുങ്കി ന്യൂസ്” എന്ന് പറഞ്ഞത് ആരേയും ആക്ഷേപിക്കാൻ വേണ്ടിയല്ല.  മാസങ്ങൾക്ക് മുമ്പ് “മലയാളം ന്യൂസ്” ന്റെ മുൻ പേജിൽ പ്രധാന തലക്കെട്ടോടെ ഒരു വാർത്ത വന്നു. സൌദി എയർ ലൈൻസ് 2012 മാർച്ച് മുതൽ തിരുവനന്തപുരത്തേയ്ക്ക് സർവ്വീസ് ആരംഭിക്കുമെന്ന്!!.   ആ വാർത്ത മലയാളികളുടെ ശ്രദ്ധനേടി.  എയർ ഇന്ത്യയുടെ സർവ്വീസ് മുടക്കലും ലേറ്റ് ടേക്കോഫും ഒക്കെ കാരണം മനം മടുത്തിരിക്കുന്ന മലായാളികൾക്ക് ഇത് നൽകിയ സന്തോഷം ചില്ലറയൊന്നുമല്ലായിരുന്നു.  ജനുവരിയായിട്ടും സൌദി എയർലൈൻസിന്റെ ഡെസ്റ്റിനേഷൻ ലിസ്റ്റിൽ തിരോന്തരം കാണാനില്ലാതെ വന്നപ്പോൾ ഞാൻ സൌദിയയുമായി ഇ-മെയിലിൽ ബന്ധപ്പെട്ടു,   “ഏത് ഉമ്മൻ ചാണ്ടി... എന്ത് എമർജിംഗ്..??” എന്ന് ഫോക്സ്‌വാഗൻ കാ റുകാർ ചോദിച്ചപോലെ അവരിങ്ങോട്ട് ചോദിക്കുന്നു..” യേത് തിരോന്തരം.. യെന്തരപ്പീ ക്നാവുകള് കണ്ടാ..”ന്ന്.. അവർ അങ്ങിനെ ഒന്നിനെക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ലാത്രെ!!... അപ്പോൾ പിന്നെ ഇതൊക്കെ “ലുങ്കി ന്യൂസ്” എന്നല്ലാതെ എന്താണ് പറയേണ്ടത്?. ഉദാഹിരിക്കാൻ ഇനീം  നിരവധിയുണ്ട്. യ്യോ... പറഞ്ഞ് പറഞ്ഞ് നേരം പോയി... നാളെത്തേയ്ക്ക് ഒരു “സ്കൂപ്പ്” ഉണ്ടാക്കിയില്ലെങ്കിലെന്റെ പണി പോയത് തന്നെ.... “തങ്കപ്പണ്ണാ.... നില്ല് ... നില്ല്.. ഞാനും വരണേയ്..........”

2 comments :

  1. നില്ല് ... നില്ല്.. ഞാനും വരണേയ്..........”:)))

    ReplyDelete
  2. Nilkkaan kaalundaavonnariyilla praaaaave...:)

    ReplyDelete