നീണ്ട ഇരുപത്തിയഞ്ചുവർഷം
എന്റെ സന്തതസഹചാരിയായിരുന്നവർ
ആദ്യമാദ്യം പാകമാകാത്ത വള്ളിയിൽ
കാൽ തിരുകിക്കയറ്റാൻ ഭയന്ന്
മുറിയുടെ ഒരു കോണിലേയ്ക്ക് എടുത്തിട്ടു
അവയുടെ ദൈന്യമായ നോട്ടം
പലപ്പോഴും എന്റെ ചങ്ക് പൊളിച്ചിരുന്നു
പിന്നെപ്പിന്നെ ഞാൻ ആ വള്ളികളിൽ
നിർബന്ധമായും കാലുകൾ തിരുകിക്കയറ്റാൻ ശ്രമിച്ചു.
പതിയേ വേച്ച് വേച്ച് ഞാനവയെയും കൊണ്ട്
നടക്കാൻ പഠിച്ചു.......
നീണ്ട ഇരുപത്തിയഞ്ച് വർഷം
പലപ്പോഴും ആ വള്ളികൾ ശക്തമായി
എന്റെ കാൽപ്പാദങ്ങളെ നോവിച്ചിരുന്നു
എങ്കിലും കല്ലിലും മുള്ളിലും എന്റെ കാലിന് രക്ഷയായ
അവയെ തള്ളിപ്പറയാൻ എനിക്കായില്ല
കുറെ നടന്ന് തേഞ്ഞപ്പോൾ ആ വള്ളികൾ എന്റെ
കാൽപ്പാദങ്ങളുമായി പ്രണയത്തിലായി
പിരിയാൻ കഴിയാതവർ ഇഴുകിച്ചേർന്നു
വാറഴിച്ച് വയ്ക്കുമ്പോൾ അവയുടെ നിഴൽ
എന്റെ കാൽപ്പാദങ്ങൾക്കു മുകളിൽ
വെളുത്ത പാടായി പറ്റിക്കിടന്നിരുന്നു
അഞ്ചുവിരലുകളുടെയും പിന്നെ ഉപ്പൂറ്റിയുടെയും
ചതവുകൾ അവയ്ക്ക് പുറത്ത് ചിത്രം വരച്ചിരുന്നു.
നീണ്ട ഇരുപത്തിയഞ്ച് വർഷം
നോവിച്ചിരുന്നെങ്കിലും എനിക്കവയെ
ഉപേക്ഷിക്കാൻ തോന്നിയില്ല
അവർ എന്റെ ശരീരത്തിന്റെ ഭാഗമായിത്തീർന്നിരുന്നു.
ഞെരിഞ്ഞും അമർന്നും വലിഞ്ഞുമുരഞ്ഞും
അവർ എന്റെ കൂട്ടുകാരായിമാറിയിരുന്നു
ഇനിയെന്റെ അവസാന യാത്രയിലും
എനിക്ക് കൂട്ടായി അവരുണ്ടാകണം.....
അവർ മാത്രം... അവർ മാത്രം...!