Sunday, May 5, 2013

കായലരികത്ത് വലയെറിഞ്ഞപ്പോ............!



കായലരികത്ത് വലയെറിഞ്ഞപ്പോ............!

പണ്ട് .. പണ്ട്.. എന്നുവച്ചാല്‍ കുറേവര്‍ഷം മുന്‍പ് ...

ഓഹ്. ഈ പണ്ട് പണ്ട് പറഞ്ഞപ്പോഴാ മറ്റൊരു കാര്യം ഓര്‍മ്മ വന്നേ. ഈ പണ്ട് പണ്ട് എന്ന് പറയുന്നത് ചിലര്‍ക്ക് കേള്‍ക്കുന്നതേ അലര്‍ജിയാ പ്രത്യേകിച്ചും എന്റെ മോള്‍ക്ക്. അവള്‍ കുഞ്ഞായിരുന്നപ്പോള്‍ കഥ കേള്‍ക്കാന്‍ ഭയങ്കര ഇഷ്ടം ആയിരുന്നു അങ്ങിനെ ഇഷ്ടം കൂടി രാത്രി അച്ചമ്മേടെ അടുക്കല്‍ പോകും കഥകേള്‍ക്കാന്‍. അച്ചമ്മ കഥ പറഞ്ഞ് തുടങ്ങും... പണ്ട്..പണ്ട് കാട്ടില്‍ ഒരു ചെന്നായും ഒരു കുറുക്കനും ഉണ്ടായിരുന്നു.....  കഥ കാല്‍ ഭാഗം ആകുമ്പോള്‍ അച്ചമ്മ ഉറക്കം പിടിച്ച് തുടങ്ങും... കഥ ഒഴുകിയൊഴുകി ഒടുവില്‍ ഐസില്‍ സൈക്കിള്‍ തെന്നുമ്പോലെ ഒരു പോക്കാണ്. അന്നേരം മോള്‍ കുലുക്കി വിളിക്കും.  അച്ചമ്മോ.. എന്നിട്ട് കുറുക്കനെന്ത് പറ്റീന്ന് പറ.. അച്ചമ്മ വീണ്ടും ഉഷാറാകും.. അങ്ങിനെ കുറുക്കന്‍ വിശന്ന് തളര്‍ന്ന്...  വീണ്ടും അച്ചമ്മയുടെ കഥ  വലിഞ്ഞ ഓഡിയോ ടേപ്പ് മാതിരിയാകുമ്പോള്‍ മോള്‍ വീണ്ടുംകുലുക്കി വിളിക്കും..... ഒടുവില്‍ മടുത്ത് അച്ചമ്മയെ ഒരു തള്ളും കൊടുത്ത് ചാടിത്തുള്ളി പോയി കിടക്കും.. അതിനുശേഷം ഈ പണ്ട് പണ്ട് അല്ലെങ്കില്‍ ചെന്നായും കുറുക്കനും എന്നൊക്കെ കേള്‍ക്കുമ്പോളെ അവള്‍ക്ക് കലിയാണ്.....

അപ്പോള്‍ പറഞ്ഞ് വന്നത്  പണ്ട് പണ്ട് എന്നു വച്ചാല്‍ കുറേ വര്‍ഷം മുന്നേ ആദ്യപ്രണയം കരിഞ്ഞുണങ്ങി നിന്നപ്പോള്‍ പിന്നെത്തെ പ്രണയിനി ഒഴിച്ച വെള്ളത്തിലതങ്ങനെ തിളിര്‍ത്ത് വരാന്‍ തുടങ്ങിയ കാലം “കായലരികത്ത് വലയെറിഞ്ഞപ്പോള്‍ ......” ഈരടികള്‍ മനസ്സില്‍ വരച്ച ഒരു ചിത്രം ഉണ്ടായിരുന്നു, നാണത്താല്‍ മൂടി മണ്ണും ചാരിനില്‍ക്കുന്ന ഷീലാമ്മയുടെ അടുക്കല്‍ തൊട്ടടുത്ത തെങ്ങോലയെ പിടിച്ചുലച്ച് സുന്ദരനായകന്‍ പ്രേം നസീര്‍ പ്രണയാതുരനായി പാടുന്ന ചിത്രം... അങ്ങിനെയിരിക്കെ അടുത്ത വീട്ടിലെ ടി വി യില്‍  പാട്ടു പെട്ടി ... സുരേഷിന്റെ വശ്യസുന്ദരശബ്ദത്തില്‍ പറയുന്നു, ഇനിയൊരു പ്രണയഗാനമാകട്ടെ പാട്ടുപെട്ടിയില്‍ അടുത്തത്... ഞാനോടി ടി വി വച്ചു...ശ്ശൊ... സകല മൂഡും കളഞ്ഞു ആ സീന്‍ കണ്ടപ്പോള്‍ ഞാന്‍ മനസ്സില്‍ വരച്ച ചിത്രം വലിച്ചൊരേറു കൊടുത്തു.. ഹും ഭഗവതി വിലാസം ഹോട്ടലിന്റെ ഉള്ളിലിരുന്നൊരാള്‍ വല ശരിയാക്കുന്നു...സുരേഷിനെ മനസ്സു കൊണ്ട് ശപിച്ചു... പ്രണയം പോലും പ്രണയം..

ഇപ്പോഴെന്താ ഈ കഥയോര്‍ക്കാന്‍?... അന്നുണക്കി തട്ടിന്‍ മുകളില്‍ വച്ചതാ ആ വല!! കഴിഞ്ഞ ദിവസം എന്റെ ഒരു കൂട്ടുകാരി ചോദിച്ചു എന്ത മാഷേ വലയെറിയാന്‍ പോണില്ലേന്ന്!!  അന്നേരമാണ് ഞാന്‍ വീണ്ടും ആ ഉണക്കിപ്പൊതിഞ്ഞു തട്ടിന്‍ പുറത്തിട്ട വലയെക്കുറിച്ചോര്‍ത്തത്. വേഗം പോയി അത് നിവര്‍ത്തിത്തോളിലിട്ട് വീശാനിറങ്ങി. മനസ്സു നിറയെ പെടയ്ക്കണ മീനുകളായിരുന്നു. നെത്തോലി മുതല്‍ ചൂര വരെ ഉള്ളിന്റെയുള്ളില്‍ പെടച്ച് ചാടിക്കളിച്ചു... മൂന്നു ഭാഗത്തും കടലാണ് ഈ വലയൊന്നെവിടെ വീശും?  കടലിലാണെങ്കില്‍ ശ്രാവുകളും തിമിങ്ങലങ്ങളും മദിച്ചു നടക്കുന്നുമുണ്ട്..  പിരാ‍നകളെ എനിക്ക് പേടിയാണ് കമ്പി വല പോലും ഒറ്റക്കടിയ്ക്ക് പതിനാറ് കഷ്ണമാക്കുന്ന പിരാനകള്‍ പക്ഷേ കടലില്‍ പിരാനകളുണ്ടാവില്ലെന്ന് ആശ്വാസത്തില്‍ വലവീശാനായി നില്‍ക്കുമ്പോഴുണ്ട്  അടുത്ത കൂട്ടുകാരി ഉപദേശവുമായി വരുന്നു,  കൊമ്പന്‍ സ്രാവും   തിമിംഗലമുണ്ട് മോനെ ദിനേശാ വലേം ഒപ്പം നിന്നെം കൊണ്ട് പോകാതെ നോക്കിക്കോന്ന്.. സത്യനെം കൊണ്ട് പറക്കുന്ന കൊമ്പന്‍ ശ്രാ‍വിന്റെ ചിത്രം മനസ്സിലോടി വന്നു.. ഹോ ... വീശണോ വേണ്ടായോന്ന് ഒരു നിമിഷമോര്‍ത്തു..    ആ പെടയ്ക്കണ പൂമീനുകളെപ്പോലെ എന്റെ ചങ്ക് പടപടാന്നിടിച്ചെങ്കിലും  വച്ചകാല്‍ വള്ളത്തീന്നെടുത്തില്ല.. ഞാന്‍ ഉള്ളിലേയ്ക്ക് തുഴഞ്ഞു.. തിരക്കുഴിയും കടന്ന് കടലിന്റെ മാറിലേയ്ക്ക്.. സ്വസ്ഥമായി വലയെറിയാനൊരിടം നോക്കി പതിയെ വലയെറിഞ്ഞു....

കനത്തിലേതാണ്ട് തടഞ്ഞപ്പോള്‍ വല ഞാന്‍ വലിച്ചെടുത്തു.... ഹോ  ഒറ്റ മീനേ കുടുങ്ങിയുള്ളു  എന്താ ഭംഗി ഡോള്‍ഫിന്റെ പോലെ ചുണ്ടുള്ള ഒരു സുന്ദരി മത്സ്യം വലിച്ചെടുത്ത് കരയ്ക്കിട്ടു,  വള്ളത്തില്‍ വീണ പാടേ അത് കൈ രണ്ടും കൊണ്ട് മാറത്ത് പൊത്തിപ്പിടിച്ചു. അയ്യേ... മത്സ്യമല്ല അതൊരു പെണ്ണായിരുന്നല്ലോ ഉടല്‍ മനുഷ്യന്റേം വാല്‍ മത്സ്യത്തിന്റേം.  ഇതാണല്ലേ മത്സ്യകന്യക?  കന്യകേ.. ഞാന്‍ വിളിച്ചു  മത്സ്യം പറഞ്ഞു.. ഞാന്‍ കന്യകയും വനിതയും ഒന്നും അല്ല.  എന്റെ പേര് സുന്ദരി.  ആ തോര്‍ത്തിങ്ങോട്ട് താ മനുഷ്യാ... !! ഞാനെന്റെ തോളില്‍ കിടന്ന തോര്‍ത്തെടുത്തിട്ടുകൊടുത്തു. നാണം മറച്ച അവള്‍ രൂക്ഷമായി എന്നെ നോക്കി.. ഇയാക്കെന്തിന്റെ കേടാ എന്തിനാ എന്നെപ്പിടിച്ചിതിനകത്തിട്ടേ.. എനിക്ക് പോണം. ... എനിക്ക് പോണം.. അവള്‍ കരയാന്‍ തുടങ്ങി.. ഭഗവാനെ കരയ്ക്കെത്തിയാല്‍ പീഡനത്തിന് കേസുമാകുമല്ലോന്നൊര്‍ത്ത് ഞാനാ അഴകിനെ നോക്കി നോക്കിയിരുന്നു....

മോണിറ്ററിനു മുന്നില്‍ പന്തം കണ്ട പെരുച്ചാഴിയെപ്പോലിരിക്കുന്ന എന്റെ തലയ്ക്കിട്ടാരോ കൊട്ടിയപ്പൊഴാണ് ഞാനുണര്‍ന്നത് അവളെവിടേ..... സുന്ദരീ...സുന്ദരീ.... :)

അയാള്‍ക്ക് മുഴുവട്ടാ സുനിലേ.. പാതിരായ്ക്കൊരു സുന്ദരി...ഹും..... കൂട്ടുകാരന്‍ പറയുന്നുണ്ടായിരുന്നു... ശരിയാണ് മുഴുവട്ടാ!!!!


--------------------------------------------------------------------------------------------------------
സമർപ്പണം :  1) വല പൊടിതട്ടിയെടുക്കാൻ ഓർമ്മിപ്പിച്ച കൂട്ടുകാരിയ്ക്ക്
                         2) പിരാനകളില്ലാത്തയിടം  കാട്ടിത്തന്ന കൂട്ടുകാരിയ്ക്ക്

ചിത്രം : ഗൂഗിൾ സെർച്ച് 

10 comments :

  1. :) ഇതൊക്കെ മുന്‍കൂട്ടി കണ്ടു കൊണ്ടാ ദൈവം സൌദിയില്‍ തന്നെ എത്തിച്ചത്.. മത്സ്യ കന്യകയേം സ്വപ്നം കണ്ടു വല്ല സ്രാവും തിമിംഗലോം പിടിക്കാതെ നോക്കിക്കോ...

    ReplyDelete
    Replies
    1. ഹഹഹ.. വല്യശ്രാവുകളൊന്നും ഈ അറേബ്യൻ കടലിൽ ഇല്ല :( ഒക്കെ കുഞ്ഞു കുഞ്ഞ് നാരായണിനെത്തോലികളാ!! :(

      Delete
    2. നത്തോലി ചെറിയ മീനല്ല, നാരായണി പാവം പെണ്ണും അല്ല

      Delete
  2. Katha nannayi, adipoli...Kunjan appose... Appol Katha ezhuthan ariaym...
    entha appol ippozhum sundariye swapanam kandu veendum vala erinjolu... piranh illatha kadal...

    ReplyDelete
    Replies
    1. പിരാന ഇല്ലാത്ത കടൽ കാട്ടിത്തന്നതിനു താങ്ക്സ്!!.
      ചില വമ്പൻ സ്രാവുകളും പൂത്തിമിംഗലങ്ങളും വല പൊട്ടിയ്ക്കാനായി ചെന്നായ്ക്കളെപ്പോലെ നടക്കുന്നുണ്ട്.. അതുകൊണ്ട് പേടിയാ വലയെറിയാൻ ;)

      Delete
  3. ശരിയാണ് മുഴു വട്ടാ !! സുന്ദരി പോലും - പാവം ഒരു ഓടുന്ന വൃദ്ധന്റെ പടം ആയി ഇറങ്ങിക്കോളും ,മനുഷ്യനെ വടിയാക്കാൻ !

    അതെ, വല പൊടി തട്ടി എടുക്കാനല്ല, മറിച്ചു ആവശ്യം ഇല്ലാതെ വല വീശി ഇരിക്കാതെ നാപം ജപിച്ചു കിടന്നുറങ്ങാൻ ആണ് പറഞ്ഞേ. കേട്ടോ

    ReplyDelete
    Replies
    1. അത് തന്നെ... രാമാ രാമാന്നും വിളിച്ചു ഇരിക്കേണ്ട പ്രായാ...

      Delete
  4. ങേ...അങ്ങിനെയാണോ പറഞ്ഞേ? വലാന്ന് കേട്ടപ്പോ ഞാ‍നത് ചുരുട്ടിപ്പിടിച്ചോടുകയായിരുന്നു..:( അതുകൊണ്ടെന്താ എനിക്കാ സുന്ദരിയെക്കിട്ടിയല്ലോ? ഇനി മത്സ്യഗന്ധിയ്ക്ക് കിട്ടിയപോലൊരു വരോം കൂടെ സുന്ദരിക്ക് കിട്ട്യാ രക്ഷപ്പെട്ടു :)

    ReplyDelete
  5. കുട്ടിക്കാലത്തേ മനസ്സില്‍ പതിഞ്ഞ ഒരു സൗന്ദര്യസങ്കല്പമാണ് മത്സ്യകന്യക അല്ലേ അപ്പൂസേ?

    ReplyDelete