Thursday, February 28, 2013

ഒരു തുളസിക്കതിരിന്റെ ഓർമ്മയ്ക്ക്



ഒരു തുളസിക്കതിരിന്റെ ഓർമ്മയ്ക്ക്

ചക്രവാളസീമയിലെ സാന്ത്വനരേഖയായ്
പകലിരവുകളിൽ ഒരു നനുത്തകാറ്റായ്
നിൻ സുഖദസാമീപ്യമെന്നിൽ നിറയുന്നുവോ സഖീ
മധുരവാണിതന്നലകളുണർത്തി നീ വീണ്ടുമെത്തിയോ.
ദാവണിപ്പുടവതൻ ഞൊറികളായ് പിന്നെ
കിലുകിലുങ്ങുന്ന കുപ്പിവളകൂട്ടമായ്
ഈറൻ മുടിത്തുമ്പിലൊളിക്കുമാ
തുളസിക്കതിരിൻ നൈർമ്മല്യമായ്
വീണ്ടുമൊരു പ്രഭാതമായ് നീയെത്തവേ
എന്നോ വീണുടഞ്ഞൊരാ തങ്കക്കിരീടത്തിൻ
തിരുശേഷിപ്പുകളെൻ ഓർമ്മതൻ മാറാപ്പിൽ
നിറം മങ്ങിയ വളപ്പൊട്ടുകളായ്
മയങ്ങിക്കിടപ്പുണ്ടാകണം....ഞാനെടുക്കട്ടേ
മാറാല മാറ്റിത്തിരുമ്മിപ്പുറത്തെടുക്കട്ടെ ഞാൻ
തിളക്കമാർന്നൊരെൻ ജന്മസുകൃതമായ്
വീണ്ടും നിനക്കണിയാൻ ഒരുക്കിവയ്ക്കട്ടെ ഞാൻ
കാ‍ലം ഉരച്ച പാടുകൾ കാണുമതിലെന്നാകിലും
ഹൃദയരക്തക്കറയ്ക്കിടയിലൊളിമങ്ങാതെ
ശോഭ മാറാതാ രജതകിരണങ്ങളിന്നും
പ്രശോഭിതമാണെന്‍ മാറാപ്പിനുള്ളില്‍ സഖീ
ഒരു യാത്രാമൊഴിയിലെന്നെ തളച്ചിട്ടു നീ
നഗരസാഗരത്തിലേയ്ക്കൂളിയിട്ടിഴുകവേ
വ്രണിതമാനസന്‍ ഞാനെങ്ങ് പോയിടാന്‍
തപിതഹൃദയ പഥികനായ് അലഞ്ഞു വീഥിയില്‍
കാത്തുനിന്നാ മരച്ചോട്ടിലേറെ നേരം വൃഥാ
കാലമേറെച്ചെന്നിട്ടുമിന്നുമാ മൊഴികളിലൊക്കെ
പരതിടുന്നു ഞാനാ വാക്കുകൾതന്നർത്ഥമറിയാനായ്
ഋതുക്കളെത്തി മാഞ്ഞുപോയെങ്കിലും
വാക്കുകൾ മുറിച്ച പാടുകള്‍ മാഞ്ഞതില്ലിന്നുമേ.
അപരിചിതരല്ലേ  നാമിന്നീവീഥിയില്‍
കണ്ണുകളുടക്കിയോ ഒരു നിമിഷാര്‍ദ്ധമെങ്കിലും
തിരിഞ്ഞ് നോക്കാതെ നടന്നീടുക തോഴി നീ
ഇനിയുമൊരു യാത്രാമൊഴിവേണ്ട മല്‍സഖീ








7 comments :

  1. അതെ, എനിക്ക് ഇത് വല്ലാതെ ഇഷ്ടപ്പെട്ടു ! എല്ലാമെല്ലാം ഒരു വാട്ടര്‍ കളര്‍ പെയിന്റിംഗ് പോലെ എന്റെ മുന്നില്‍ ഉണ്ട് .... ഒത്തിരി നല്ല കവിത . പക്ഷെ എന്തോ ഒരു ചെറിയ കണ്‍ഫ്യൂഷന്‍ :( " തിരിഞ്ഞു നോക്കാതെ നടക്കു, ഇനിയും ഒരു യാത്ര മൊഴി വേണ്ട ........"എന്ന് പറഞ്ഞാല്‍ ആ മാറപ്പിലെ തങ്ക കിരീടം ഇനി എന്ത് ചെയ്യും? അത് കയ്യില്‍ ഉള്ളടത്തോളം കാലം അങ്ങിനെ ആ കുട്ടി യോട് പറഞ്ഞാല്‍ എങ്ങിനെ ശരിയാകും? അത്രേ ഒള്ളു ;)

    പിന്നെ വര യുടെ കാര്യം, അതിനെ പറ്റി കുറച്ചു കൂടി ആധികാരികമായി പറയാന്‍ ഈ ചട്ടംബിക്ക് പറ്റുമേ !! അസ്സലായി !!! ആ തുളസി കതിര്‍!! ഒത്തിരി റിയല്‍ ആയി ഇരിക്കുന്നു . പിന്നെ ധാവണി യും തൂക്കു കമ്മലും ( കുപ്പി വള മനസ്സില്‍ കണ്ടു ) എല്ലാം ആ കവിത പോലെ മനോഹരം ആയിരിക്കുന്നു !! അത് പറയാതെ വയ്യ !!!!

    ReplyDelete
    Replies
    1. താങ്ക്യൂ....ചട്ടമ്പിക്കല്യാണി :)

      എപ്പൊഴോ വീണ് പൊട്ടിത്തകർന്നതല്ലെ ആ തങ്കക്കിരീടം! അത് ഇനി ഈ മാറാപ്പിൽ തന്നെ കിടന്നോട്ടെ!.. പൊടി തട്ടിയെടുത്ത് വച്ചതാ ആ തലയിൽ വച്ച് കൊടുക്കാൻ പക്ഷേ പിന്നെ കരുതി വേണ്ടാന്ന് അങ്ങിനെ ഒരു ഭാരം കൂടെ ചുമപ്പിക്കണ്ടല്ലോ!!

      Delete
  2. അതിന് മുള്‍ കീരീടം ആണൊ? തങ്കക്കിരീടം അല്ലെ? അതിനു ഭാരം തൊന്നില്ല !!! ;)

    ReplyDelete
    Replies
    1. എന്നാപ്പിനെ അതവിടെ ഇരിക്കട്ടെ അല്ലേ, സമയം കിട്ടുമ്പോള്‍ ചൂടിയ്ക്കാം. ;)

      Delete
  3. ഇപ്പോഴല്ലേ ഞാന്‍ ഇതൊക്കെ കാണുന്നത് :)തുളസിക്കതിരും കവിതയും വരയും കൊള്ളാം..

    ReplyDelete
    Replies
    1. താങ്ക്സ് ശ്രുതി!

      Delete
  4. എന്നാലും നിനക്കൊന്നും മനസ്സിലായില്ലാന്ന് പറഞ്ഞുകളഞ്ഞല്ലോ ന്റെ നാരായണ്യേ!! :) കഷ്ടായിപ്പോയി :)

    ReplyDelete