Thursday, December 20, 2012

എനിക്കുമില്ലേ മോഹങ്ങൾ..! (Soliloquy of a Sweet Young Tree!)



എനിക്കുമില്ലേ മോഹങ്ങൾ..!
(Soliloquy of a Sweet Young Tree!)

ദാ  തൊട്ടടുത്ത് തന്നെയുള്ള എന്റെ കൂട്ടുകാരെ നോക്കു.  പ്രണയലോലുപരായി അവർ പരസ്പരം ആലിംഗനബദ്ധരാകുമ്പോൾ അവജ്ഞയും സങ്കടവും അടക്കാനാവാതെ  ഞാനെന്റെ മൊട്ടയായ ദേഹത്തേയ്ക്ക് നോക്കും. അവർ ആടിത്തിമിർക്കുന്നത് കാണുമ്പോൾ കണ്ണുകൾ പൂട്ടി ഞാനിരിക്കും. പ്രഭാതത്തിലെ മഞ്ഞും ഇളം വെയിലുമേറ്റ്  കാറ്റിന്റെ മർമ്മരത്തിനൊപ്പം അവർ കഥകൾ പറഞ്ഞും പാട്ടുപാടിയുമിരിക്കുമ്പോൾ എന്നെ മൊട്ടയടിച്ചവരെ ഞാൻ മനസ്സിൽ ശപിക്കും. എന്തിനെന്നെ നിങ്ങൾ ഈ കോലത്തിലാക്കി?  അന്തരീക്ഷത്തിലേയ്ക്ക് കൈകൾ വീശാൻ മോഹമുണ്ട്. ആടിപ്പാടാൻ മോഹമുണ്ട്, എന്റെ കൂട്ടുകാരെപ്പോലെ പൂവിടാൻ, പുഷ്പിണിയാവാൻ......

വലിയ വീട്ടിൽ നിന്നും വന്നവർ എന്നെ കൊണ്ടുപോയപ്പോൾ  എല്ലാരും പറഞ്ഞു.  ഹോ അവൾ രക്ഷപ്പെട്ടു. ഈ കാട്ടിൽ കിടന്ന് നരകിക്കണ്ടല്ലോ? സമയത്തിന് വെള്ളം ആഹാരം ഒക്കെ കിട്ടില്ലെ!.. അവളുടെ ഭാഗ്യം!.  പക്ഷേ ബാല്യം കഴിഞ്ഞ് പെണ്ണായപ്പോൾ കൊണ്ടുവന്ന് നിർത്തിയവരുടെ മട്ട് മാറി... ദാ കണ്ടില്ലേ ഇപ്പോൾ ഈ കോലത്തിലും. അവരുടെ മുറ്റം അലങ്കരിക്കാന്  എന്റെ വന്യസൌന്ദര്യത്തെ അവരില്ലാതാക്കി. അലറിത്തുള്ളിപ്പെയ്യുന്ന പേമാരിയിൽ മുടിയഴിച്ചിട്ട് യക്ഷിയെപ്പോലെ അലറിവിളിക്കാനിപ്പോൾ കഴിയില്ലല്ലോ!.

കാ‍ലം കഴിയുമ്പോൾ, മനുഷ്യന്റെ  ഈ ഭ്രമമൊടുങ്ങുമ്പോൾ വീണ്ടും ഞാൻ ജരാനരബാധിച്ച് ആർക്കും വേണ്ടാത്തവളായി ഈ കോണിൽ ഉണങ്ങി നിൽക്കുമായിരിക്കും.  എന്നെത്തേടി കിളികൾ വരില്ല, ഫലങ്ങളില്ലാത്തമരത്തിൽ ആരാണ് വിരുന്ന് വരിക? ഒരു കുളിർകാറ്റുപോലും ഈ വഴി വരില്ല!.  

ജീവിതം സഫലമാക്കാൻ ആഹാരവും വെള്ളവും മതിയോ ? എനിക്കുമില്ലേ മോഹങ്ങൾ?



[ചിത്രങ്ങൾ കടപ്പാട്: Ms. Marie Kiriyanthan Jacob  (USA) &  Google (USA) !]